മാനന്തവാടി: ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിൻ്റെ കൗതുകം പങ്കുവെച്ച് രാഹുൽ ഗാന്ധിയും വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധിയും കളംനിറഞ്ഞ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം. ഗാന്ധി പാർക്കിലെത്തിയ ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെ കുറച്ച് പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഭക്ഷ്യ സംസ്കരത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാവണം. രാത്രി യാത്ര നിരോധനം മൂലം അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് പരിഹരിക്കപ്പെടണം. തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലാണ്. തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കിലും ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണ്. വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.
ചുരം റോഡിലടക്കം ഗതാഗത തടസ പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരമായി ബദൽ പാതകൾ ഉണ്ടാകേണ്ടതുണ്ട്. വന്യജീവി- മനുഷ്യ സംഘർഷം വയനാട്ടിലെ വലിയ പ്രശ്നമാണ്. ഇതുമൂലം മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. വിളകൾ നശിപ്പിക്കപ്പെടുന്നു. ആദിവാസികൾക്ക് വീട് നിർമിക്കുന്നതിന് വേണ്ടി കൂടുതൽ ഫണ്ടുകൾ ആവശ്യമുണ്ട്. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ സംവിധാനത്തിൻ്റെ അഭാവം ആദിവാസികൾക്കിടയിലുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പദ്ധതിയുടെ സാമ്പത്തിക സഹായം ഉയർത്തുന്നതിന് വേണ്ടി പാർലമെൻ്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി വൈകാരികമായായിരുന്നു സംസാരിച്ചത്. തനിക്കുവേണ്ടി നിരവധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക വന്നിട്ടുണ്ട്. പിതാവിന് വേണ്ടിയും മാതാവിനു വേണ്ടിയും വന്നിട്ടുണ്ട്.
ഞങ്ങളുടെയൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൺവീനർ എന്ന സ്ഥാനത്തായിരുന്നു പ്രിയങ്ക ഉണ്ടായിരുന്നത്. ഒരു നല്ല ക്യാമറമാൻ എങ്ങനെയാണ് ക്യാമറയിലൂടെ വസ്തുവിനെ നോക്കികാണേണ്ടതെന്ന ഉപമ ഉപയോഗിച്ചായിരുന്നു രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയുടെ സവിശേഷതകൾ പറഞ്ഞത്. ചെറുപ്പത്തിൽ പിതാവ് തനിക്കും പ്രിയങ്കയ്ക്കും ഓരോ ക്യാമറകൾ വാങ്ങിത്തന്ന് ഫോട്ടോ എടുക്കാൻ പറയുകയും മികച്ച ഫോട്ടോ എടുക്കുന്ന ആൾക്ക് സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിലെ വിജയി ആരാണെന്ന് ഓർക്കുന്നില്ലെന്നും എന്നാൽ ഏറ്റവും താൽപര്യത്തോടെയും ഇഷ്ടത്തോടെയും സമീപിച്ചാൽ മാത്രമേ മികച്ച ഫോട്ടോകൾ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളെയും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കർഷകനെ നോക്കിക്കാണുന്നത് വെറുമൊരു കർഷകനായല്ല. ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾചേർന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.
ഒരു ബിസിനസ്മാനായാലും വ്യാപാരിയായാലും സമൂഹത്തിലെ ഏതു വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും രാഹുൽഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, ഐസി ബാലകൃഷ്ണൻ എംഎൽഎ, സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, എകെഎം അഷറഫ്, സി. മമ്മൂട്ടി, അഹമ്മദ് ഹാജി, അബ്ദുറഹ്മാൻ, പി.കെ ജലക്ഷ്മി പങ്കെടുത്തു.