വൈത്തിരി: പായല്‍ നിറഞ്ഞതോടെ പൂക്കോട് തടാകത്തിന്റെ നിലനില്‍പ് ഭിഷണിയില്‍. പായല്‍ കാരണം തടാകത്തിലൂടെയുള്ള ബോട്ടിങ് ദുഷ്‌ക്കരമായി. 2.5 കോടി രൂപ ചെലവിട്ട് കഴിഞ്ഞ 2021 ജൂണ്‍, ജൂലൈ മാസങ്ങളിലായി പായലും ചെളിയും പൂര്‍ണമായി നീക്കിയിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. നിലവില്‍ തടാകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും പായല്‍ വളര്‍ന്ന നിലയിലാണ്. തടാകത്തിന്റെ പടിഞ്ഞാറെ ഭാഗത്താണു പായല്‍ കൂടുതല്‍.
ബോട്ടിംഗ് ദുഷ്കരമായതോടെ തടാകത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പായല്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 5.71 ഹെക്ടര്‍ വിസ്തൃതിയുള്ള തടാകത്തില്‍ നിന്നു നവീകരണത്തിന്റെ ഭാഗമായി 13 ക്യുബിക് മീറ്റര്‍ ചെളി നീക്കിയെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. ഒരു മീറ്ററോളം ആഴത്തില്‍ അരികു കുഴിച്ചാണ് ചെളി നീക്കിയത്. 30 ശതമാനം വിസ്തി ഇതിന്റെ ഭാഗമായി കുടിയെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. കോരിയെടുത്ത പായലും ചെളിയും തടാകക്കരയിലാണ് അന്നു നിക്ഷേപിച്ചിരുന്നത്. ഇതുകാരണം കനത്ത മഴയില്‍ ചെളിയും പായലും വീണ്ടും തടാകത്തിലേക്കു ഒഴുകിയെത്തി.
പായല്‍ പൂര്‍ണമായും നീക്കിയതിനു ശേഷവും വീണ്ടും പായല്‍ വളര്‍ന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു ടൂറിസം വകുപ്പിന്റെ വസ്തുതാ പരിശോധക സംഘം 2022 ജനുവരിയില്‍ തടാകത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ മുടങ്ങി. പായലും ചെളിയും അടിഞ്ഞുകൂടി തടാകത്തിന്റെ വിസ്തൃതി വര്‍ഷംതോറും കുറയുന്നതായി പുതുച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഗവേഷകസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും തുടര്‍ നടപടികളുണ്ടായില്ല.
ദിവസേന നുറുകണക്കിനു വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രമാണിത്. മുതിര്‍ന്നവര്‍ക്ക് 40 രൂപ. കുട്ടികള്‍ക്കു 30 രൂപ, മുതിര്‍ന്ന പൗരന്മാര്‍ക്ക് 20 രൂപ എന്നിങ്ങനെയാണു പ്രവേശന ഫീസ്. പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപയുടെ വരുമാനമുണ്ടായിട്ടും ഇവിടെ അടിസ്ഥഥാന സൗകര്യങ്ങളില്ലെന്നും ആക്ഷേപമുണ്ട്. കുട്ടികളുടെ പാര്‍ക്ക് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ആവശ്യത്തിനു ബോട്ടുകളും ഇവിടെയില്ല.