പനമരം: അഞ്ചുകുന്ന് വെള്ളിരിവയല്‍ മാങ്കാണി ഉന്നതിയിലെ ബാലന്‍-ശാരദ ദമ്പതികളുടെ മകന്‍ രതിനെ(20) പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയാണ് അന്വേഷണത്തിന് ഉത്തരവായത്. പോക്‌സോ കേസില്‍ കുടുക്കുമെന്ന പോലീസ് ഭീഷണി ഭയന്ന് രതിന്‍ പുഴയില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.
കഴിഞ്ഞ മൂന്നിനാണ് ഓട്ടോ ഡ്രൈവറായ രതിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തലേന്നു സന്ധ്യയോടെ സഹോദരിക്കു വീഡിയോ സന്ദേശം അയച്ച രതിനെ പിന്നീട് കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെ വീടിനു സമീപം പുഴയരികില്‍ രതിൻ്റെ ഓട്ടോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഗ്നി-രക്ഷാസേനയും സി.എച്ച്. റസ്‌ക്യു ടീമും നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. പോക്‌സോ കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സഹോദരിക്ക് രതിന്‍ അയച്ച വീഡിയോ സന്ദേശത്തിലുണ്ട്.
രതിന്റെ മരണത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പോലീസ് രതിനെതിരേ കേസെടുത്തിരുന്നു. ഓട്ടോയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കേസ്. ഇതേക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടാകും. രതിനെ പോക്‌സോ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണം കമ്പളക്കാട് പോലീസ് നിഷേധിച്ചിട്ടുണ്ട്.