കൽപ്പറ്റ: കവിതയിൽ നിന്ന് കാലം ആവശ്യപ്പെടുന്ന മാറ്റമാണ് മലയാള കവിതയിൽ സംഭവിക്കുന്നതെന്ന് കവി എസ് ജോസഫ് പറഞ്ഞു. വിവിധ തലങ്ങളിലുള്ള സാംസ്ക്കാരിക സംവാദങ്ങൾ തുറന്നുവിടുന്ന ആശയ വൈവിദ്ധ്യം അതിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ, ദളിത്, ട്രാൻസ്ജെൻഡർ എന്നിങ്ങനെ ആവിഷ്ക്കരിക്കപ്പെടാതെ പോയ ഇടങ്ങൾ മലയാള കവിതയിൽ തുറന്നുവരികയാണ്. പുറന്തള്ളപ്പെട്ട മനുഷ്യർക്ക് കർത്തൃത്വവും വിഷയവുമുണ്ടെന്ന് പുതിയ കവിതയിലൂടെ അവതരിപ്പിക്കപ്പെട്ടുവെന്നും ജോസഫ് പറഞ്ഞു. അനൂപ് കെ ആറിന്റെ കവിതാസമാഹാരം സെവിഡോസെഡ്മോർന്റെ പുസ്തക ചർച്ച ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഴൂർ വിത്സൺ, കെ കെ സുരേന്ദ്രൻ, വി അബ്ദുൾ ലത്തീഫ്, സുകുമാരൻ ചാലിഗദ്ദ, ശ്രീജിത് ആരിയല്ലൂർ, വിഷ്ണുപ്രസാദ്, എം ശബരീഷ് തുടങ്ങിയവർ പങ്കെടുത്തു.