കണിയാമ്പറ്റ: നെല്ല് സംഭരണ വില പി.ആർ.എസ്.ബാങ്ക് വായ്പയായി നൽകുന്നതിനു പകരം നേരിട്ട് കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകണമെന്ന് ഭാരതീയ കിസാൻ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളിൽ നിന്നു നേരിടുന്ന നഷ്ടത്തിന് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ച് കാലതാമസം വരുത്താതെ കൃഷിക്കാർക്ക് ലഭ്യമാക്കണെമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. വഖഫ് ഭൂമികൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് ഇതു സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആശങ്കകൾ അവസാനിപ്പിക്കണമെന്നും, സർക്കാർ ഇക്കാര്യത്തിൽ അനുവർത്തിക്കുന്ന മൗനം വെടിഞ്ഞ് നയം വ്യക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നവംബർ 8, 9, 10ന് വിവിധ കേന്ദ്രങ്ങളിൽ ഗ്രാമസമിതികളുടെ നേതൃത്വത്തിൽ ഗോപൂജ, ഡിസംബർ 14, 15 തീയതികളിൽ വടകരയിൽ നടത്തുന്ന സംസ്ഥാന ശിബിരം എന്നീ പരിപാടികൾ വിജയിപ്പിക്കാനും തീരുമാനിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കാനഞ്ചേരി ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി. രവീന്ദ്രൻ, ജില്ല സംഘടനാ സെക്രട്ടറി എം.ശശികുമാർ, സെക്രട്ടറി എം. ഗോപാലൻ, എ.ജി. ശ്രീജ സന്തോഷ്, ഈശ്വരൻ മാടമന, വി.ജി.കേശവൻ, എം.പ്രഭാകരൻ, ഒ.ശങ്കു, മോഹനൻ നീർവാരം, വി.എം. വാസുദേവൻ, പി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.