കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നേടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ്‌ജ്യോതി നാഥ് ജില്ലയിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഇ.വി.എം വെയര്‍ഹൗസ്, സെന്റ് മേരീസ് കോളേജിലെ താത്ക്കാലിക സ്‌ട്രോങ് റൂം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ മുന്നൊരുക്കങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികളായ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എം. ബിജുകുമാര്‍, കെ. മണികണ്ഠന്‍ എന്നിവരോടൊപ്പമാണ് സ്‌ട്രോങ് റൂ, പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ ഹാളുകള്‍ എന്നിവ സന്ദര്‍ശിച്ചത്. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പൊതു നിരീക്ഷകന്‍ എം. ഹരിനാരായണന്‍, ചെലവ് നിരീക്ഷകന്‍ സീതാറാം മീണ, പോലീസ് നിരീക്ഷകന്‍ എം. അക്കനൂരു പ്രസാദ് പ്രളാദ്, ജില്ലാ പോലീസ് മേധാവി തപോഷ്ബസുമതാരി, അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.