കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്തബാധിതര്‍ക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെ സീതാമൗണ്ടില്‍ നടക്കും. ഫൗണ്ടേഷന്റെ കൂട് പദ്ധതിയില്‍ 100 ദിവസങ്ങള്‍ക്കുള്ളിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ദുരിതബാധിതര്‍ക്ക് സര്‍ക്കാരും സംഘടനകളും ജില്ലയില്‍ വിഭാവനംചെയ്ത പദ്ധതികളില്‍ ആദ്യം കൈമാറുന്നതും ഫൗണ്ടേഷന്റെ വീടുകളാണ്. അടുത്തഘട്ടം ജനുവരിയില്‍ പൂര്‍ത്തീകരിക്കും. സ്ഥലലഭ്യതയനുസരിച്ച് 100 വീടുകളാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു.
പ്രവാസി മലയാളി സീതാമൗണ്ടില്‍ സംഭാവന ചെയ്ത 73 സെന്റ് സ്ഥലത്ത് 13 വീടുകളും പെരിക്കല്ലൂര്‍ സ്വദേശികള്‍ നല്‍കിയ സ്ഥലങ്ങളില്‍ 6 വീടുകളുമാണ് നിര്‍മിക്കുന്നത്. സ്ഥലലഭ്യതയനുസരിച്ച് ജില്ലയുടെ വിവിധഭാഗങ്ങളില്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കും. വ്യക്തികളുടെയും സംഘടനകളുടെയും സഹായമുപയോഗിച്ചാണ് വീടുനിര്‍മാണം. 2018 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 160 വീടുകളുടെ നിര്‍മാണം ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. നാളെ നാലു മണിക്ക് പിന്നണിഗായിക നഞ്ചിയമ്മ താക്കോല്‍ സമര്‍പ്പണം നിര്‍വഹിക്കും.