മൂന്നാനക്കുഴി: മീനങ്ങാടി, പുതാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന യൂക്കാലികവല ഞാറ്റാടി കല്ലൂര്‍ക്കുന്ന് റോഡില്‍ വര്‍ഷങ്ങളായി ദുരിതയാത്ര നടത്തുകയാണു നാട്ടുകാര്‍. മീനങ്ങാടി പഞ്ചായത്തിന് കീഴിലുള്ള 1.8 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ നിറഞ്ഞ അവസ്ഥയാണ്. വാകേരി കല്ലൂര്‍ക്കുന്ന് മൂടക്കെല്ലി പ്രദേശങ്ങളിലെ ആളുകള്‍ക്ക് കേണിച്ചിറ, മീനങ്ങാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള ഏക വഴിയാണിത്. റോഡില്‍ നിലവില്‍ പലയിടത്തും ടാറിങ് കാണാന്‍ പോലുമില്ല. മെറ്റലിളകി കടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ ചെറിയ വാഹനങ്ങളുടെ അടിഭാഗം തട്ടി വാഹനം തകരുന്നതും, കുടുങ്ങിക്കിടക്കുന്നതും പതിവാണ്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പലതവണ ശ്രമദാനമായി കുഴികള്‍ നികത്തിയെങ്കിലും മഴ കഴിഞ്ഞതോടെ കുഴികളുടെ ആഴവും എണ്ണവും കുടി. റോഡ് നന്നാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം ഇതുവരെ പണി തുടങ്ങിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഇതെത്തുടര്‍ന്ന് വാകേരി സെന്റ് ആന്റണീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നാളിതുവരെയായും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.