വിധിയെഴുത്ത് നാളെ വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍

54 മൈക്രോ ഒബ്സര്‍വര്‍മാര്‍· 578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍· 578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍· 1156 പോളിങ്ങ് ഓഫീസര്‍മാര്‍· 1354 പോളിങ്ങ് ബൂത്തുകള്‍. വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി 11820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വ്വീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വ്വീസ് വോട്ടര്‍മാരായുള്ളത്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ്ങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നാണ് പോളിങ്ങ് സാമഗ്രികളുടെ വിതരണം നടന്നത്. കുറ്റമറ്റ രീതിയിലാണ് മുഴുവന്‍ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്.

വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ്ങ് സാമഗ്രികളുമായി ബൂത്തിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *