കൽപ്പറ്റ: അമ്പിലേരി- നെടുങ്ങോട് റോഡ് നിര്‍മാണത്തില്‍ നഗരസഭ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. മൂന്നുവര്‍ഷത്തോളമായി റോഡ് തകര്‍ന്നുകിടക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കുന്നതില്‍ നഗരസഭാധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കൽപ്പറ്റ നഗരസഭാ പരിധിയിലെ നാല്, 12 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന റോഡ് ആണിത്. പ്രദേശത്തെ നിരവധിയാളുകളുടെ ഏക ആശ്രയമാണ് ഈ റോഡ് ഒന്നരക്കിലോമീറ്ററോളം നീളമുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭാ അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതിനല്‍കുകയും പലതരം സമരപരിപാടികള്‍ നടത്തുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല.
വേനല്‍ക്കാലത്ത് റോഡില്‍ പൊടിശല്യവും മഴക്കാലത്ത് വെള്ളംകെട്ടിനില്‍ക്കുന്ന സാഹചര്യവുമാണ്. പൊട്ടിപൊളിഞ്ഞ് ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ട റോഡില്‍ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്. ഓട്ടോറിക്ഷ പോലും ഇതുവഴി വരാന്‍ കൂട്ടാക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ഇതിലൂടെ യാത്രചെയ്യുന്ന പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മുണ്ടേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലേക്കും കല്‍പ്പറ്റ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കും പോകാനുപയോഗിക്കുന്ന വഴിയാണിത്.
റോഡു നിര്‍മാണത്തിനായി നഗരസഭ 2022, 23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പതുലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ച് 300 മീറ്റര്‍ ടാര്‍ചെയ്തു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. അശാസ്ത്രീയമായ റോഡുനിര്‍മാണം കൊണ്ട് മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. റോഡിനോടു ചേര്‍ന്ന് ഓട നിര്‍മിച്ച് ശേഷിക്കുന്ന റോഡുപണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.