വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്

കൽപ്പറ്റ: വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷം വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഇരു മണ്ഡലങ്ങളിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡ‍ലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കും. കടുത്ത മത്സരം നടക്കുന്ന ചേലക്കരയിലെ വിജയം സംസ്ഥാന സർക്കാറിന് നിർണായകമാണ്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.4 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 73.57 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും, വയനാട്ടിലും വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തിയതോടെയാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹോദരിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ പ്രിയങ്കാ ഗാന്ധിയാണ് വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി. സത്യൻ മൊകേരിയാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്. എൻ ഡി എ സ്ഥാനാർത്ഥി നവ്യഹരിദാസും മത്സരരംഗത്തുണ്ട്. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു.ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസുമാണ് മത്സരരംഗത്തുള്ളത്. കെ. രാധാകൃഷ്ണൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര വോട്ടെടുപ്പിലേക്കെത്തിയത്. ആറ് സ്ഥാനാർഥികളാണ് ചേലക്കരയിൽ ജനവിധി തേടുന്നത്. വയനാട്ടിൽ പതിനാറ് പേരാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *