കൽപ്പറ്റ: മണ്ഡല രൂപീകരണത്തിനു ശേഷം വയനാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഏറ്റവും കുറഞ്ഞ പോളിങ് മുന്നണികളുടെ കണക്കു കൂട്ടലുകളിൽ ആശങ്ക നിറച്ചു. വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവില്‍ ലഭിച്ച കണക്കു പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. 2019 ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി വയനാടില്‍ മത്സരിച്ചപ്പോള്‍ 80.37 ശതമാനം പോളിങ് നടന്നിരുന്നു. 2024 ല്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ പോളിങ് ശതമാനം 73.57 ലേക്ക് താണിരുന്നു. ഇത്തവണ പ്രിയങ്ക ഗാന്ധിയുടെ ആദ്യ മത്സരമായിട്ടും കാടിളക്കി പ്രചരണം നടത്തിയിട്ടും പോളിങ് ശതമാനം കുത്തനെ താഴുകയായിരുന്നു. പോളിങ് കുറയാനുണ്ടായ കാരണങ്ങളെ മുന്നണി നേതാക്കൾ ന്യായീകരിക്കുന്നുണ്ടെങ്കിലും ആശങ്കയിലാണ് പ്രധാന മുന്നണികൾ.