പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ കനത്ത കാവലില്‍ പോളിംഗ്. മൂന്നു വശങ്ങളില്‍ വനവും ഒരു വശത്ത് കബനി നദിയും അതിരിടുന്ന ചേകാടിയില്‍ അലോസരമില്ലാതെ പോളിംഗ് പൂര്‍ത്തിയായി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രത്യേക സുരക്ഷയോടെ വോട്ടെടുപ്പ് നടന്ന ബൂത്തുകളിലൊന്നാണ് ചേകാടിയിലേത്. വയനാടിന്റെ തനത് നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല എന്നിവയുടെ കൃഷിയിലൂടെ പ്രസിദ്ധമായ ചേകാടി ഗ്രാമം മാവോയിസ്റ്റ് സാന്നിധ്യംകൊണ്ട് കുപ്രസിദ്ധവുമായിരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് പട്ടികവര്‍ഗ ഭൂരിപക്ഷ പ്രദേശമായ ചേകാടി. പുല്‍പ്പള്ളിയില്‍ നിന്നു പാക്കം വനത്തിലൂടെയാണ് ഇവിടേക്കുള്ള പ്രധാന വഴി.
ചേകാടിക്കുപുറമേ കട്ടക്കണ്ടി, താഴെശേരി, പന്നിക്കല്‍, മച്ചിമൂല, തോണിക്കടവ്, വീരാടി, വിലങ്ങാടി, ചന്ദ്രോത്ത്, പൊളന്ന, വെട്ടത്തൂര്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്. പൊതുവിഭഗത്തില്‍പ്പെട്ട ചെട്ടി കുടുംബങ്ങളും പട്ടികവര്‍ഗത്തിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി കുടുംബങ്ങളും രണ്ടുവീതം ക്രൈസ്തവ, പട്ടികജാതി കുടുംബങ്ങളുമാണ് ചേകാടിയിലും സമീപങ്ങളിലുമായി താമസം. ഏകദേശം 400 ഏക്കര്‍ വയലും 50 ഏക്കര്‍ കരയുമാണ് ചേകാടിയില്‍. ഗ്രാമവാസികളുടെ സമ്മതിദാനാവകാശ വിനിയോഗത്തിന് നൂറ്റാണ്ട് പഴക്കമുള്ള ചേകാടി ഗവ.എല്‍പി സ്‌കൂളിലാണ് പോളിംഗ് സ്റ്റേഷന്‍ സജ്ജമാക്കിയത്.
565 പുരുഷന്‍മാരും 645 സ്ത്രീകളുമടക്കം 1210 പേര്‍ക്കാണ് ചേകാടിയില്‍ വോട്ടവകകാശം. വോട്ടര്‍മാരില്‍ 95 ശതമാനവും പട്ടികവര്‍ഗക്കാരാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഗ്രാമത്തില്‍ വേരോട്ടമുണ്ട്. രാവിലെ പോളിംഗ് ആരംഭിച്ചതുമുതല്‍ നല്ല തിരക്കാണ് ബൂത്തില്‍ അനുഭവപ്പെട്ടത്. പതിനൊന്നര ആയപ്പോഴേക്കും 400 പേരാണ് വോട്ട് ചെയ്തത്.