ചാലില്‍ കോറോമില്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിര്‍മ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

കൽപ്പറ്റ: തൊണ്ടര്‍നാട് വില്ലേജ് പരിധിയില്‍ ചാലില്‍ കോറോമില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിര്‍മ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയില്‍ പറയുന്നു.

അനധികൃത കെട്ടിട നിര്‍മ്മാണം കാരണം മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി പരാതിയില്‍ പറയുന്നു. പെര്‍മിറ്റില്‍ അനുവദിച്ച രീതിയിലല്ല നിര്‍മ്മാണം നടക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനി പണം നല്‍കി നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി മറ്റൊരു കമ്പനി രജിസ്റ്റര്‍ ചെയ്താണ് കെട്ടിട നിര്‍മ്മാണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *