ബത്തേരി: ‘വനിതാ മെസ്സ് ‘ നാടകത്തിലെ നടിമാരാണ് മരിച്ചത്. കണ്ണൂർ കേളകത്തിനടുത്ത് മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പടെ 9 പേർക്ക് പരിക്കേറ്റു. ഇവരിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിലെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിലെ അഭിനേതാക്കളാണ് മരിച്ചവരും പരിക്കേറ്റവരും. സുൽത്താൻ ബത്തേരിയിൽ കാലാകാലങ്ങളായി നടന്നുവരുന്നതാണ് പ്രൊഫഷണൽ നാടക മേള. ഈ വർഷത്തെ നാടകമേളയാണ് നാളെ തുടങ്ങാനിരുന്നത്. ആദ്യ നാടകമായിരുന്നു ദേവാ കമ്മ്യൂണിക്കേഷൻസിന്റെ വനിതാ മെസ്സ്. കടന്നപ്പളളിയിൽ ഇന്നലെ രാത്രി നാടകം കഴിഞ്ഞ് പ്രധാന റോഡായ നെടുംപൊയിൽ ചുരത്തിലൂടെ മാനന്തവാടി വഴി ബത്തേരിക്ക് പോകാനായിരുന്നു സംഘം വന്നത്.