ഏക സിവില്‍ കോഡ്; പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ഇന്ന്

ഡല്‍ഹി: ഏക സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന്. കേന്ദ്ര നിയമ കമ്മീഷൻ,കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികളായ വിവേക് തൻഖ,മാണിക്കം ടാഗോര്‍ അടക്കം 4 കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമ കാര്യ പാര്‍ലമെന്‍ററി സമിതിയിലുണ്ട്.ഇവര്‍ സ്വീകരിക്കുന്ന നിലപാടും ഏറെ നിര്‍ണായകമാണ്. ബീഹാര്‍ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയാണ് സമിതി അധ്യക്ഷൻ. ഏകസിവില്‍ കോഡ് വിഷയം സജീവമായി നിലനിര്‍ത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അതേസമയം സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച്‌ നിലപാടറിയിക്കാമെന്നാണ് ജയറാം രമേശ് പറഞ്ഞത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദമുള്ളപ്പോള്‍ തന്നെ തല്‍ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്.

ഏകീകൃത സിവില്‍കോഡ് അപ്രായോഗികമെന്ന് മുൻ നിയമ കമ്മീഷൻ നിലപാട് അറിയിച്ച സാഹചര്യത്തില്‍ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങള്‍ തേടിയതും ബി.ജെ.പിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് മുമ്ബോട്ട് വച്ചത്. ഈ ന്യായീകരണം ഉന്നയിക്കുമ്ബോള്‍ തന്നെ ഏകീകൃത സിവില്‍കോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല. ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എൻ.ഡി.എ ഘടകകക്ഷികള്‍ തന്നെ ഏകീകൃത സിവില്‍കോഡിനെതിരെ രംഗത്തുവന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി. എൻ.ഡി.എ ഘടകകക്ഷികളായ എൻ.ഡി.പി.പിയും എൻ.പി.പിയും ബില്ലിനെതിരെ രംഗത്തുവന്നതിന് പിന്നാലെ മറ്റുകക്ഷികള്‍ കൂടി പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *