തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം കൂടി ഡെങ്കിപ്പനി പടരുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം ജൂണില്‍ മാത്രം 6006 രോഗികളാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
എന്നാല്‍ 1806 പേര്‍ക്കേ ഔദ്യോഗികമായി ഡെങ്കി സ്ഥിരീകരിച്ചിട്ടുള്ളൂ ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല. 27 പേരാണ് ജൂണ്‍ മാസത്തില്‍ മാത്രം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്.
ഡെങ്കിയുടെ നാല് വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 80 ശതമാനം ആളുകള്‍ക്കും നേരത്തേ തന്നെ ഡെങ്കി വന്നുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. ഇവര്‍ക്ക് വീണ്ടും ഏതെങ്കിലും ഒരു ടൈപ്പ് ഡെങ്കി വന്നാല്‍ ഗുരുതര സാഹചര്യമുണ്ടാകും. ജൂലൈ മാസത്തിലും ഡെങ്കി കേസുകള്‍ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. കാലവര്‍ഷം കൂടി കനക്കുന്നതോടെ രോഗികളുടെ എണ്ണവും കൂടും. സംസ്ഥാനത്ത് നിലവില്‍ 138 ഡെങ്കി ഹോട്ട്‌സ്‌പോട്ടുകളുണ്ട്. 2017ലാണ് സംസ്ഥാനത്ത് ഡെങ്കി പടര്‍ന്നുപിടിച്ചത്. 21,193 പേര്‍ക്ക് രോഗം ബാധിച്ച ഈ വര്‍ഷം 165 രോഗികള്‍ മരിച്ചു. ജൂണിലും ജൂലൈയിലുമായി 10640 പേര്‍ക്കാണ് അന്ന് ഡെങ്കി ബാധിച്ചത്, ഇതില്‍ 103 രോഗികള്‍ക്ക് ജീവൻ നഷ്ടമായി.
2017ല്‍ ഡെങ്കി പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ സ്വീകരിച്ച മുൻകരുതലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കൊതുകിനെ ഉറവിടത്തില്‍ തന്നെ നശിപ്പിച്ച് ഡെങ്കി വ്യാപനം തടയാനുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഈ മാസം മുഴുവൻ തുടരും. ആവശ്യമായ മുൻകരുതല്‍ സ്വീകരിച്ച് മരണനിരക്ക് കുറക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.