ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം. മെയ്‍തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 130ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മണിപ്പൂരിന്‍റ സമാധാനാന്തരീക്ഷം തകര്‍ത്ത സംഘര്‍ഷം 60 ദിവസം പിന്നിടുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. നിര്‍ദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടര്‍ച്ചയായ സംഘര്‍ഷത്തിനു വഴിവെച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഗ്രാമവാസികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം വിലയിരുത്തല്‍. സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇത്രയധികം പേരുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും വിലയിരുത്തലുണ്ട്. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും തീയിട്ടു.
ഓരോ ദിവസവും മണിപ്പൂര്‍ കത്തിയെരിയുമ്ബോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരില്‍ നിന്നെത്തിയ പ്രതിപക്ഷ പാര്‍ട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘര്‍ഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ രാജിനാടകവും മണിപ്പൂര്‍ ജനത കണ്ടു. ആളിപ്പടരുന്ന തീ അണച്ച് മണിപ്പൂരിന്‍റെ ശാന്തി എത്രയുംവേഗം വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയണം.