നൂറ് കടന്ന് പച്ചക്കറി; അടുക്കള പൊള്ളുന്നു

കൽപ്പറ്റ: പച്ചക്കറികളുടെ അസാധാരണ വിലക്കയറ്റത്തില്‍ സ്തംഭിച്ചിരിക്കുകയാണ് മലയാളി. തക്കാളിക്കും പച്ചമുളകിനും ചെറിയ ഉള്ളിക്കും നൂറുകടന്നപ്പോള്‍ മറ്റുള്ള മിക്ക പച്ചക്കറികള്‍ക്കും മൂന്നിരട്ടിവരെയാണ് വിലവര്‍ധന. സാധാരണ ഓണം സീസണില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കാറുണ്ടെങ്കിലും ജൂണ്‍-ജൂലൈ മാസങ്ങളില്‍ വില വര്‍ധനവ് അസാധാരണമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടുക്കളയില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത തക്കാളിതന്നെയാണ് വിലയുടെ കാര്യത്തില്‍ വില്ലൻ. ജൂണ്‍ ആദ്യം കിലോക്ക് 40 രൂപയായിരുന്ന തക്കാളിയുടെ വില ഇപ്പോള്‍ 120 രൂപയിലെത്തി.

നാടൻ തക്കാളിക്കും അതിനോടടുത്തുതന്നെയാണ് വില. പച്ചമുളകിന് 85 രൂപയാണ് കര്‍ണാടകയിലെ മൊത്തവില. കേരളത്തിലെ വിപണിയിലെത്തുമ്ബോഴേക്കും 110-120 വരേയാകും. തമിഴ്നാട്ടിലെ ഒഡൻചത്രത്തില്‍നിന്ന് പ്രധാനമായും കേരളത്തിലെത്തുന്ന ചെറിയ ഉള്ളിക്കും 100 കടന്നു. മൂന്നിരട്ടി വില വര്‍ധനവാണ് ഒരുമാസംകൊണ്ട് മിക്ക പച്ചക്കറികള്‍ക്കും ഉണ്ടായത്. ബീൻസിന്റെ വില 90ലേക്ക് ഉയര്‍ന്നു. 95 രൂപയായിരുന്ന ഉണ്ട പച്ചമുളകിന് ഇപ്പോള്‍ 120 രൂപ. കഴിഞ്ഞ മാസം ആദ്യം 80 രൂപയായിരുന്ന മല്ലിച്ചപ്പ് ഇപ്പോള്‍ വില്‍പന 140 രൂപക്കാണ്. 40 രൂപയുണ്ടായിരുന്ന കാരറ്റിന് 100 രൂപയോടടുത്തെത്തി. വെളുത്തുള്ളിക്ക് 130 രൂപയാണ് ഇപ്പോഴത്തെ വില.

കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒഡൻചത്രം, ഊട്ടി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലെ വിപണിയിലേക്ക് പച്ചക്കറി എത്തുന്നത്. എന്നാല്‍, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ തക്കാളിക്ക് മഹാരാഷ്ട്രയിലെ നാസിക്കിനെയായിരുന്നു പ്രധാനമായും ആശ്രയിക്കുന്നത്. അവിടെ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ ഡല്‍ഹി മുതലുള്ള സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ കര്‍ണാടകയിലേക്കെത്തിയതാണ് ഇപ്പോഴത്തെ വൻ വിലവര്‍ധനവിന് കാരണമെന്ന് കല്പറ്റയിലെ പച്ചക്കറി മൊത്തവിതരണ കച്ചവടക്കാരനായ എം.എ വെജിറ്റബിള്‍സ് ഉടമ കുഞ്ഞു പറയുന്നു. വില കുതിച്ചുയര്‍ന്നതോടെ വില്‍പനയും ഗണ്യമായി കുറഞ്ഞു.

നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധന വേണ്ടുവോളമുണ്ട്. ചെറിയ ജീരകത്തിനാണ് റെക്കോഡ് വില. നേരത്തേ കിലോക്ക് 360-380 രൂപ വിലയുണ്ടായിരുന്ന ചെറിയ ജീരകത്തിന് 740 രൂപയാണ് ഇപ്പോഴത്തെ വില. പരിപ്പിനും വില നന്നായി വര്‍ധിച്ചിട്ടുണ്ട്. 150 രൂപയാണ് കിലോക്ക് ഇപ്പോഴത്തെ വില.

പൊള്ളുംവില പിടിച്ചുനിര്‍ത്താൻ ഹോര്‍ട്ടികോര്‍പിന്‍റെ മൊബൈല്‍ യൂനിറ്റ്

തിരുവനന്തപുരം: പൊതുവിപണിയില്‍ പച്ചക്കറി വില കുതിക്കുന്നത് നിയന്ത്രിക്കാൻ ഹോര്‍ട്ടികോര്‍പിന്റെ മൊബൈല്‍ യൂനിറ്റുകള്‍ അടുത്തയാഴ്ച മുതല്‍ ജില്ലകളില്‍. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി സംഭരിച്ച്‌ യൂനിറ്റുകളിലൂടെ വില്‍ക്കുകയാണ് ഉ‍ദ്ദേശ്യം. ആവശ്യം കൂടുതലുള്ള ജില്ലകളില്‍ ഒന്നിലധികം യൂനിറ്റുകള്‍ അനുവദിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് അറിയിച്ചു. പച്ചക്കറി കിറ്റുകളും യൂനിറ്റുകള്‍ വഴി വില്‍ക്കും. ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ വിലകുറച്ച്‌ പച്ചക്കറി വില്‍ക്കുന്നതിനു പുറമേയാണിത്. ചൊവ്വയോ ബുധനോ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.

പൊതുവിപണിയില്‍ പച്ചക്കറി വില ഓരോ ദിവസവും കുതിക്കുമ്ബോള്‍ 50 രൂപ വരെ വിലകുറച്ചാണ് ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ വില്‍ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാന‍ങ്ങളിലെ കാലാവസ്ഥവ്യതിയാനവും മഴക്കുറവുമാണ് പച്ചക്കറി വില ഉയരാൻ കാരണമായത്. പല സംസ്ഥാനങ്ങളിലും പച്ചക്കറി ഉല്‍പാദനത്തില്‍ വൻ കുറവുണ്ടായിട്ടുണ്ട്. പൊതുവിപണിയെ‍ക്കാളും വില കൂട്ടിയാണ് ചില ജില്ലകളില്‍ ചില്ലറ വില്‍‍പന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *