അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

യുഎഇ: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം നൽകുന്ന അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. സാമൂഹിക ജീവകാരുണ്യ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഷാർജ ഇ-സെന്ററിൽ നടന്ന ചടങ്ങിൽ ജി.പി.സി ഡയറക്ടർ ഡോ.ആൻഡ്രിയു വെട്സ്ചോക് പുരസ്‌കാരം സമ്മാനിച്ചു. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് കൺസോർഷ്യം പ്രതിനിധിചിനാർ അന്നഗൽ ഡിയെവ പറഞ്ഞു.

മൻഹൽ അൽ യാസ്ജി, ലോറ ഇൻബ്രിസ്, ഡോ.ജൂലിയറ്റ് റോബർട്ട്‌ തുടങ്ങിയവർ സംബന്ധിച്ചു. തദ്ദേശ ഭരണാധികാരിയെന്ന നിലയിലുള്ള ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ് ജുനൈദ് കൈപ്പാണി നടത്തി വരുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുവാൻ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും അഭിനന്ദനാർഹവും മാതൃകാപരവുമാണ്. സാധാരണക്കാരോട് ചേർന്ന് നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ജുനൈദ് വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.

കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ സർവ്വകലാശാലകളിൽ നിന്നുമായി കൗൺസിലിംഗിലും ലോക്കൽ ഗവേണൻസിലും ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ കാലഘട്ടം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ ജുനൈദ് നിലവിൽ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകൾ വഹിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ പൗരന്മാർക്കിടയിൽ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചുവരുന്ന സമാധാന ഐക്യദാര്‍ഢ്യ സമിതിയാണ് ഗ്ലോബൽ പീസ് കൺസോർഷ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും കേരള സംസ്ഥാന കർമ്മശ്രേഷ്ഠ അവാർഡിനും ജുനൈദ് കൈപ്പാണി അർഹനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *