കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും വെവ്വേറെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ മന്ദഗതിയിലും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യത്തില്‍ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചുമാണ് യുഡിഎഫ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കും.
പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും ഹര്‍ത്താല്‍ സമയം അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാല്‍ കിഴിശേരി, ജില്ലാ പ്രസിഡന്റ് ഫൈസല്‍ പാപ്പിന എന്നിവര്‍ അറിയിച്ചു. സിപിഎം ആഭിമുഖ്യമുള്ള വ്യാപാരി സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് വ്യാപാരി വ്യവസായി കോണ്‍ഗ്രസ്. ഹര്‍ത്താലിനോടുള്ള സമീപനത്തില്‍ വ്യാപാരി വ്യവസായി ഏകാപന സമിതി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജോജിന്‍ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു.
ജില്ലയില്‍ സ്വകാര്യ ബസുകള്‍ നാളെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. ഇടതു, വലതു മുന്നണികള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ യാത്രക്കാര്‍ തീരേ കുറവായിരിക്കും. ഇതും കണക്കിലെടുത്താണ് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി നാളെ രാവിലെ 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.