കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ രണ്ടുവരി പാതയാണ് ബൈപാസ്. ഇതു നാലുവരി പാതയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും കരാര്‍ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും രണ്ടു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരു കമ്പനി ടെന്‍ഡര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നവീകരണം മുടങ്ങി. പിന്നീട് കരാര്‍ യു.എല്‍.സി.സി.എസിനു നല്‍കി കോടതി ഉത്തരവിടുകയായിരുന്നു. 3.84 കിലോമീറ്റര്‍ ദൂരമാണ് ബൈപാസിനുള്ളത്. ഇതില്‍ തകരാത്ത ഒരിടം പോലുമില്ല.
പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അപകടങ്ങളും പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം പലരും ബൈപാസ് റോഡിലൂടെയുള്ള യാത്ര ഉപേക്ഷിച്ചതോടെ കല്‍പ്പറ്റ ടൗണിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. മഴക്കാലത്ത് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. മലയോരപാതയുടെ ഭാഗമായി ബൈപാസ് റോഡ് നാലുവരിപ്പാതയാക്കാന്‍ തീരുമാനിച്ചതോടെയാണ് റോഡിന്റെ ശനിദശ തുടങ്ങുന്നത്. വീതി കുട്ടാനാവശ്യമായ സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറ്റെടുത്തിരുന്നു. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. റോഡില്‍ മൈലാടിപാറയുടെ സമീപത്തായാണു കുഴികള്‍ കൂടുതലായും രൂപപ്പെട്ടിട്ടുള്ളത്.
പലയിടങ്ങളിലും പഴയ റോഡിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. ഓവുചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. ഇതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ മലവെള്ളപ്പാച്ചിലുണ്ടായി റോഡിനു കേടുപാടു സംഭവിച്ചിരുന്നു. ബൈപാസ് റോഡില്‍ നിന്നു കൈനാട്ടിയിലെ പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ഇറക്കത്തിലും വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.