തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ (Sicta – 2024) ആറാമത് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നൈറ്റ് വൈലോപ്പിള്ളി സംസ്കൃതി സംസ്കൃതി ഭവനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവ്വഹിച്ച ഗസൽ നിലാ മ്യൂസിക് ആൽബത്തിന് മികച്ച ആൽബത്തിനുള്ള ഗോൾഡൻ അവാർഡ് മന്ത്രി രാമചന്ദ്രനിൽ നിന്നും അജികുമാർ പനമരം ഏറ്റുവാങ്ങി. അജികുമാർ രചിച്ച കേരള ഗാനം മ്യൂസിക് വീഡിയോയ്ക്കുള്ള എക്സലൻസ് അവാർഡ് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ ജയരാജിൽ നിന്നും സ്വീകരിച്ചു.
അജികുമാർ തിരക്കഥയെഴുതി മകൾ അഭിനു കെ.എ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ക്ലാസ്സ് മുറിക്ക് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചു. മികച്ച രണ്ടാമത്തെ മ്യൂസിക് വീഡിയോയായി തിരഞ്ഞെടുക്കപ്പെട്ട സമരജ്വാലയുടെയും എക്സലൻസ് അവാർഡ് നേടിയ “വയനാടൻ കാറ്റ് ” മ്യൂസിക് വീഡിയോയുടെയും രചനയും സംഗീത സംവിധാനവും ചെയ്തത് അജികുമാർ പനമരമാണ്. ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ മനോജ് കാനയുടെ “കെഞ്ചിര” സിനിമയിലെ ഗാനം രചിച്ച അജികുമാറിന് കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവയ്ക്കുള്ള ഭാരത് സേവക് സമാജ് (ബി എസ് എസ്) ദേശീയ പുരസ്ക്കാരവും മികച്ച ഗാനരചയ്ക്കുള്ള ഗിരീഷ് പുത്തഞ്ചേരി അവാർഡും ഈ വർഷം തന്നെ ലഭിച്ചിരുന്നു. കവിതാ രചന, ഗാനരചന, സംഗീത സംവിധാനം, നാടകരചന, തുടങ്ങിയ കലയുടെ മേഖലകളിൽ പ്രതിഭ തെളിയിച്ച അജികുമാർ പനമരം വയനാട് കണിയാമ്പറ്റയിലാണ് താമസിക്കുന്നത്.