കമ്പളക്കാട്: കമ്പളക്കാട് ഒന്നാം മൈൽ കറുവ വീട്ടിൽ കെ മുഹമ്മദ് നിസാമുദ്ധീൻ (25) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കമ്പളക്കാട് ഒന്നാം മൈൽ ഉള്ള ഇയാളുടെ വീടിന്റെ കിടപ്പു മുറിയിൽ നിന്നുമാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും കൂട്ടു പ്രതികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം. എ സന്തോഷ്, സബ് ഇൻസ്‌പെക്ടർ എൻ.വി ഹരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ലഹരിക്കടത്തും ഉപയോഗവും വില്‍പ്പനയും തടയുന്നതിന് പരിശോധന കർശനമാക്കിയതായും ഇത്തരക്കാർക്കെതിരെ സ്വത്തു കണ്ടു കെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.