കോട്ടയം: മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാസര്‍കോട് മരം വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നലെ കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. കുട്ടികള്‍ പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. സാധ്യമായ സഹായമെല്ലാം കുടുംബത്തിനായി സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാറിലെ വിദ്യാര്‍ഥികളുടെ പ്രശ്നം ഒരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ല. വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 14 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ചിലപ്രശ്നങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ഇത് ഒരു രാഷ്ട്രീയ വിഷയമാക്കിയെടുത്ത് സമരംചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.