ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജൂലൈ മാസത്തെ റേഷന്‍ വിഹിതം

ജൂലൈ മാസത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന (എ.എ.വൈ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും, 3 കിലോ ഗോതമ്പും സൗജന്യമായും, 2 പായ്ക്കറ്റ് ആട്ട 6 രൂപ നിരക്കിലും 1 കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗം (പി.എച്ച്.എച്ച്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കിലോ കുറച്ച് അതിന് പകരം 3 പായ്ക്കറ്റ് ആട്ട 8 രൂപ നിരക്കിലും ലഭ്യമാകും. പൊതു വിഭാഗം സബ്സിഡി (എന്‍.പി.എസ്) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് ലഭിക്കുക. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യും. പൊതുവിഭാഗം (എന്‍.പി.എന്‍.എസ്) കാര്‍ഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭ്യമാകും. പൊതു വിഭാഗം സ്ഥാപനം (എന്‍.പി.ഐ) കാര്‍ഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ലീഗല്‍ അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍: 04936 203824.

ടെണ്ടര്‍ ക്ഷണിച്ചു

നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ 531 വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ജോഡി ബ്രാന്റഡ് ചെരുപ്പ് ലഭ്യമാക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ണ്ടര്‍ ക്ഷണിച്ചു. ജൂലൈ 10 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 8075441167.

ലൈഫ് ഭവന പദ്ധതി; ആദ്യ ഗഡു വിതരണം ചെയ്തു

തിരുനെല്ലി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ വിതരോദ്ഘാടനം നിര്‍വഹിച്ചു. തിരുനല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എസ്.ടി വിഭാഗത്തില്‍പ്പെടുന്ന 120 ഗുണഭോക്താക്കള്‍ക്കാണ് ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഒന്നാം ഗഡു വിതരണം ചെയുന്നത്. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹിയായ റുഖിയ സൈനുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.വി വസന്തകുമാരി, പി.ആര്‍ നിഷ, കെ.എന്‍ രജനി, ബിന്ദു സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡി ലഭിക്കും. താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായ് ബന്ധപ്പെടുക. ഫോണ്‍: 04936 202869, 9400068512.

Leave a Reply

Your email address will not be published. Required fields are marked *