കൽപ്പറ്റ: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. എന്‍.ഐ. ഷാജു പറഞ്ഞു. ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളുടെയും വിവിധ ഗ്യാസ് കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വിതരണക്കാര്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ച് വാങ്ങണം. ബില്ലിലുള്ള തുകയോ എസ്.എം.എസില്‍ ലഭിക്കുന്ന തുകയോ ആണ് നല്‍കേണ്ടത്. ഗ്യാസ് ഏജന്‍സികള്‍ സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കണം. വഴിയില്‍ ഇറക്കി പോകുന്ന പ്രവണത ഒഴിവാക്കണം. സിലിണ്ടറുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നതിന് വിവിധ ദൂരപരിധിക്കനുസരിച്ച് നിശ്ചയിച്ച തുക മാത്രമെ ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കാവു. സിലിണ്ടറില്‍ നിശ്ചിത തൂക്കത്തിലുള്ള ഗ്യാസില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. റോഡുകളിലും കടകളിലും യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം. അനധികൃതമായി കടകളുടെയും മറ്റും പിന്നില്‍ സിലിണ്ടറുകള്‍ കൂട്ടിയിടുന്നതായും പരാതിയുണ്ട്. ഇത്തരം സിലിണ്ടറുകള്‍ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്നതാണ്.