വിദ്യാലയങ്ങളില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കണം; ജില്ലാ കളക്ടര്‍

കൽപ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ ഗോത്ര വിദ്യാര്‍ഥികളുടെ ഹാജര്‍ ഉറപ്പാക്കണമെന്ന് വിദ്യാലയ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദ്ദേശം നല്‍കി. പുതിയ അധ്യയനവര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസമേഖലയിലെ ക്രമീകരണങ്ങള്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിദ്യാലയങ്ങള്‍ തുറന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഗോത്രവിദ്യാര്ഥികളില്‍ പലരും ക്ലാസ്സില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഒരാഴ്ചക്കകം പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടല്‍ ഉറപ്പാക്കണം. പഞ്ചായത്തുകളിലെ പി.ഇ.സി സംവിധാനം കാര്യക്ഷമമാക്കണം. ജനപ്രതിനിധികള്‍ വിദ്യാഭ്യാസ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. പഞ്ചായത്ത് പി.ഇ.സിയില്‍ ചര്‍ച്ചചെയ്ത് സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വീടുകളിലെത്തി കാരണം അന്വേഷിക്കണം. പിന്തുണ ആവശ്യമുള്ള പ്രധാന വിഷയങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളും പഞ്ചായത്ത് തലത്തില്‍ വിവരം നല്‍കണം. തദ്ദേശസ്ഥാപനതലത്തിലെ പി.ഇ.സി യോഗത്തില്‍ പ്രധാന അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ ജൂലൈ 30 വരെ അഡ്മിഷന്‍ ലഭിച്ച പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമക്കുന്നതിനായി ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സഹായത്തോടെ പ്രധാന അധ്യാപകരുമായി കൂടിയാലോചിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആഗസ്റ്റ് 15 നകം അപേക്ഷ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കണം. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നതിനുള്ള ഫീസ് ആനുകൂല്യം പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹായത്തോടെ ലഭ്യമാക്കണം.
പത്താംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ജൂലൈ 15 നകം ലഭ്യമാക്കാനും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാവാഹിനി വാഹനസൗകര്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗക്കാര്‍ക്ക് നല്‍കുന്ന യൂണിഫോം പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് ഗോത്രവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുകൂടി ലഭ്യമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വിദ്യാലയങ്ങളില്‍ നടത്തുന്ന വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ പരിപാടികള്‍ 50 കുട്ടികളടങ്ങിയ ഫോക്കസ്ഡ് ഗ്രൂപ്പുകള്‍ക്കായി നടത്തണം. സ്‌കൂളുകളിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തുന്ന പൊതു പരിപാടികള്‍ മാസത്തെ അവസാനത്തെ വെള്ളിയാഴ്ച നടത്തുന്നതിനായി ക്രമീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്കിടയില്‍ ലഹരി ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ചും യോഗം വിലയിരുത്തി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എന്‍.ഐ ഷാജു,വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *