വയനാട്ടിൽ മഴ ശക്തം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഒരു വീട് ഭാഗികമായി തകർന്നു

കൽപ്പറ്റ: മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും രണ്ട് കുടുംബങ്ങളെ ഇതുവരെ മാറ്റി പാർപ്പിച്ചു. പൂതാടി പഞ്ചായത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. കേണിച്ചിറ  കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞത്. വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മക്കിമലയിൽ വീട്ടിനു പുറകിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. ഇതിനിടെ പനമരം പഞ്ചായത്തിലെ നീരിട്ടാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. നീരാട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജില്ലയിൽ ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിട്ടത്. ജില്ലയിലെ ബാണാസുര കാരാപ്പുഴ ഡാമുകളിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. നിലവിൽ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമില്ലെങ്കിലും എല്ലാ മുൻ കരുതലുകളും സ്വീകരിച്ച ജില്ലാ ഭരണകൂടം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *