തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ ഈട്ടിമരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. അപ്പപ്പാറ -ചങ്കുമുലയിൽ- മാരിക്കാപ്പ് അനിൽ കുമാറിന്റെ വീടാണ് മരം വീണ് തകർന്നത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. ഓട്മേഞ്ഞ വീടിന് മുകളിലേക്ക് മരംവീഴുമ്പോൾ അഞ്ചംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. മരം വീടിനു മുകളിലേക്ക് വീഴുന്ന ശബ്ദവും കുട്ടികളുടെ അലർച്ചയും കേട്ടാണ് അനിൽ കുമാറും ഭാര്യ സുമിയും ഉണർന്നത്. ഉടനെ കുട്ടികളെയും കൂട്ടി വീടിനു പുറത്തിറങ്ങിയതിനാൽ പ്ലസ്ടു വിദ്യാർത്ഥിനി നിത്യക്ക് ഓട് വീണ്കാല് മുറിഞ്ഞതല്ലാതെ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചില്ല. വീടിനു സമീപം നിന്ന ഉണങ്ങാത്ത വീട്ടി മരമാണ് കടപുഴകി വീണത്. വിടിനു സമീപം ഇനിയും വൻമരങ്ങൾ ഉണങ്ങി ഏത് നിമിഷവും വിഴാറായി നിൽക്കുന്നുണ്ട്. ഇതും മുറിച്ചു മാറ്റിയാൽ മാത്രമെ ഈ കുടുംബത്തിന് ഇവിടെ സുരക്ഷിതമായി ഈ വീട്ടിൽ താമസിക്കാനാവുകയുള്ളു. മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ ജോബി ജയിംസ്, അസിസ്റ്റൻഡ് വില്ലേജ് ഓഫീസർ ജ്യോതിയും , തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി അബ്ദൂൾ ഗഫൂർ എന്നിവർ അപകടം നടന്ന സ്ഥലത്തെത്തി മരംമുറിച്ചു നിക്കാനാവശ്യമായ നടപടികൾ സ്വികരിച്ചു.