കല്‍പ്പറ്റ: ലോകത്തെ അനുഗ്രഹിക്കപ്പെട്ട, സൗന്ദര്യമുള്ള രാജ്യമായ ഇന്ത്യയെ അന്ധകാരത്തിന്റെ ശക്തികള്‍ നിയമം കൈയ്യിലെടുത്ത് തകര്‍ക്കുന്ന ദുരന്ത സാഹചര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സുല്‍ത്താന്‍ബത്തേരി ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് തിരുമേനി. കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിവനും സ്വത്തിനും സംരക്ഷണം കൊടുക്കുകയും, ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും ചെയ്യുകയെന്നതാണ് ഒരു ഭരണകൂടം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. മണിപ്പൂരിന്റെ കാര്യത്തില്‍ ഈ രണ്ടുകാര്യങ്ങളും ഭരണകൂടത്തിന് സാധിക്കാതെ വന്നിരിക്കുന്നു. ഭരണം നിശ്ചലവും, നിയമം കൈയ്യിലെടുക്കുന്നതും മണിപ്പൂരില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നിയമം കൈയ്യിലെടുക്കുന്ന അന്ധകാരത്തിന്റെ ശക്തികളോട് ഭരണകൂടം അകലം പാലിക്കുന്നതിന് പകരം അടുപ്പം കാണിക്കുന്നത് ഏറെ ഖേദകരമായ സാഹചര്യം സൃഷ്ടിക്കുന്നു. മണിപ്പൂര്‍ ഒരു സംസ്ഥാന വിഷയം മാത്രമല്ല, അത് ദേശീയ, അന്തര്‍ദേശീയ വിഷയമായി മാറിയിരിക്കുന്നു. മണിപ്പൂരില്‍ നടക്കുന്ന വംശീയ അധിഷേപത്തെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കാന്‍ മനസാക്ഷിയുള്ള മനുഷ്യരെല്ലാം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപവാസം അനുഷ്ഠിച്ച കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് അഭിവന്ദ്യ ബര്‍ണാബാസ് തിരുമേനി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
മണിപ്പൂരില്‍ നടന്നത് വംശീയ ആക്രമണവും, അധിഷേപവും: അഡ്വ. ടി സിദ്ദിഖ് എല്‍ എ
കല്‍പ്പറ്റ: മണിപ്പൂരില്‍ നടന്നത് വംശീയ ആക്രമണവും വംശീയ അധിഷേപവുമാണെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. ഉപവാസസമരത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യധര്‍മ്മം പാലിക്കാന്‍ തയ്യാറാകണം. സ്വന്തം മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടും മൗനം അവലംബിക്കുന്ന പ്രധാനമന്ത്രി ആക്രമികാരികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം നടന്നത് ഒരു മാസത്തിന് ശേഷമാണ്. ആ സന്ദര്‍ശനത്തിന് ശേഷമാണ് അക്രമം കൂടുതല്‍ വര്‍ധിച്ചതും, കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതുമെന്നത് ഏറെ ഖേദകരവുമാണെന്നും അദ്ദേഹം പറഞ്ഞു.