അതിതീവ്ര മഴ: നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിവരങ്ങളിങ്ങനെ

തിരുവനന്തപുരം : അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ 7 ജൂലൈ 2023 ന് അവധിയായിരിക്കുമെന്നും മുൻനിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ നാല് ജില്ലകള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ നാളെ (7 ജൂലൈ 2023) ന് അവധി പ്രഖ്യാപിച്ചത്. ഇതോടൊപ്പം മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്

നാളെ 7 ജൂലൈ 2023 നു, പത്തനംതിട്ട ജില്ലയിലെ അംഗൻവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. മുൻനിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കാസര്‍കോട് കളക്ടറുടെ അറിയിപ്പ്

നാളെ (ജൂലൈ ഏഴ്) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്നതിനാല്‍ നാളെ (ജൂലൈ 07, 2023 വെള്ളിയാഴ്ച ) പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. സ്‌കൂളുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ചുറ്റുമതില്‍, പഴയ ക്ലാസ്റൂമുകള്‍ തുടങ്ങിയവ പിടിഎ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് നാളെ അവധി നല്‍കുന്നത്.

കോട്ടയം കളക്ടറുടെ അറിയിപ്പ്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2023 ജൂലൈ ഏഴ്) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികള്‍, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കണ്ണൂര്‍ കളക്ടറുടെ അറിയിപ്പ്

ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു. മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

സാങ്കേതിക സര്‍വകലാശാല: പരീക്ഷ മാറ്റിവെച്ചു

വടക്കൻ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍, എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നാളെ (ജൂലൈ 7) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *