വായന പക്ഷാചരണം സമാപിച്ചു

കൽപ്പറ്റ: പുതിയ സമൂഹത്തില്‍ വായനശാലകള്‍ തുറന്നപാഠശാലകളാവണമെന്നും വായനക്കാര്‍ അനുവാചകരാവണമെന്നും എഴുത്തുകാരി ഡോ. മിനി പ്രസാദ് പറഞ്ഞു. ജില്ലാഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ വായന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം കളക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വയാന സമൂഹത്തിനെ ഏറെ പരിഷ്‌കരിക്കുന്നു. നിരന്തരമായ വായനയിലൂടെയാണ് സഹൃദയത്വം വളരുന്നത്. ഇതൊന്നുമില്ലെങ്കില്‍ മനുഷ്യനും സമൂഹവും വളരെ ചെറുതാവുകയും മൂല്യങ്ങള്‍ ചോര്‍ന്നുപോവുകയും ചെയ്യുന്നു. വരികള്‍ക്കിടയിലെ വായനകള്‍ തുറന്നിടുന്നത് സാംസ്‌കാരികതയുടെ വിശാലമായ മറ്റൊരു ലോകമാണ്. ഇത്രമാത്രം അവനവനെ ശുദ്ധീകരിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്നും ഡോ. മിനി പ്രസാദ് പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ഹരിദാസ്, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, എ.കെ. രാജേഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടന്നത്. എഴുത്തുകാര്‍ വായനശാലകളിലേക്ക് പുസ്തക സംവാദ സദസ്സ്, സ്‌കൂളുകളില്‍ പുസ്തക പ്രദര്‍ശനം, ജി. ശങ്കരപ്പിള്ള അനുസ്മരണം, ഗ്രന്ഥശാലയില്‍ വായക്കുറിപ്പ് മത്സരം, ഉന്നത വിജയം നേടിയവരെ ആദരിക്കല്‍, ലഹരി വിരുദ്ധ സദസ്സ്, ഗ്രന്ഥലോകം ക്യാമ്പെയിന്‍, ഇടപ്പള്ളി രാഘവന്‍ പിള്ള അനുസ്മരണം പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്‍.പി. മുഹമ്മദ് അനുസ്മരണം, ബാലവേദി വര്‍ണ്ണകൂടാരം, മുഹമ്മദ് ബഷീര്‍ അനുസ്മരണം, അമ്മവായന, ഐ.വി.ദാസ് അനുസ്മരണം, തുല്യത്യാ പഠിതാക്കളുടെ സംഗമം വായന, എഴുത്ത്, ക്വിസ് തുടങ്ങിയ പരിപാടികള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *