കൽപ്പറ്റ: വയനാട് ജില്ലയിലെ ആദ്യ പ്രൊഫഷണൽ ഹാഫ് മാരത്തൺ 15-ന് കൽപ്പറ്റയിൽ നടക്കും.
സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് 22 കിലോമീറ്റർ ഹാഫ് മാരത്തൺ നടത്തുന്നത്. ടൂറിസം വകുപ്പ് , ഡി.ടി.പി.സി. ,വയനാട് ടൂറിസം ഓർഗനൈസേഷൻ , ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാരത്തൺ .കൽപ്പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപം ട്രാഫിക് ജംഗ്ഷനിൽ നിന്നാരംഭിച്ച് കാക്കവയലിൽ പോയി തിരിച്ചു വന്ന് കൽപ്പറ്റയിൽ സമാപിക്കും. പ്രൊഫഷണൽ കായിക താരങ്ങളായിരിക്കും ഇതിൽ പങ്കെടുക്കുക. ആദ്യ പത്ത് സ്ഥാനക്കാർക്ക് സമ്മാനമുണ്ടാകും.
പ്രായപരിധിയില്ലാതെ അമേച്ചർ മാരത്തണും ജൂലായ് 15-ന് തന്നെ നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെവ്വേറെ മത്സരങ്ങളാണ് 10 കിലോമീറ്റർ ദൂരത്തിൽ നടത്തുക.
സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പ്,ഡബ്ല്യു.ടി.ഒ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നാനാ തുറകളിലെ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് കിലോമീറ്റർ കൂട്ടയോട്ടവും സംഘടിപ്പിക്കും. സിനിമാ പ്രവർത്തകർ ജനപ്രതിനിധികൾ,രാഷ്ട്രീയ, സാമൂഹ്യ, സംസ്കാരിക മേഖലയിലെ പ്രമുഖർ, വിവിധ സർക്കാർ, അർദ്ധ സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർ ഈ ബോധവത്കരണ പരിപാടിയുടെ ഭാഗവാക്കാവും. ജൂലൈ 15 ന് കൽപറ്റ രാവിലെ 10 മണിക്ക് ബൈപ്പാസ് റോഡിലുള്ള എം.സി.എസ് സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച് ബൈപ്പാസ് പോലീസ് ജംഗ്ഷനിൽ അവസാനിക്കും. വിവിധ സംഘടനകളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി മെഗാ ക്യാമ്പയിന്റെ ഭാഗമായാണ് സ്പ്ലാഷ് മഴ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്നത്.