കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമാകുന്നു. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഏതാനും ദിവസങ്ങളായുള്ള കനത്ത മഴയില്‍ വെള്ളത്തിലായ മേഖലകളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി.
ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ടെങ്കിലും മിക്ക ജില്ലകളിലും സാധാരണ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത വടക്കൻ ജില്ലകളിലും ഇന്ന് മഴ കുറഞ്ഞു.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മണ്‍സൂണ്‍ കാലത്തെ പതിവ് മഴയേ ഉണ്ടാകൂവെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജൂലൈ 12ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്.
കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇപ്പോഴും നിരോധനം നിലവിലുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.