കൽപ്പറ്റ: വയനാട് ടൂറിസം മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന രണ്ട് ദിവസത്തെ
ബി ടു ബി മീറ്റ് ബത്തേരി സപ്ത റിസോർട്ടിൽ തുടങ്ങി. സ്‌പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി. കേരള ടൂറിസം, ഡി.ടി പി.സി. വയനാട് എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷനാണ് സ്പ്ലാഷ് സംഘടിപ്പിക്കുന്നത്. മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി
മൂന്ന് വരും കൂടുമ്പോൾ നടത്തുന്ന മഴ മഹോത്സവത്തിൻ്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. കേരള ചീഫ് സെക്രട്ടറി ഡോ.വേണു ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്തു. സ്റ്റാളുകളുടെ ഉദ്ഘാടനം ടി. സിദ്ദീഖ് എം.എൽ.എ നിർവ്വഹിച്ചു. വിവിധ ഇടങ്ങളിൽ നിന്നുള്ള 120 ടൂറിസം സംരംഭകരും 600 ടൂർ ഓപ്പറേറ്റർമാരുമാണ് ബി ടു ബി യിൽ പങ്കെടുക്കുന്നത്.
അന്താരാഷ്ട്ര വ്ളോഗർമാരും ബ്ളോഗർമാരും പ്രചാരണത്തിൻ്റെ ഭാഗമായി വയനാട്ടിലെത്തി. ഇത്തവണ ആദ്യമായി ബി. ടു .ബി. മീറ്റിൽ പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ( 11-ാം തിയതി) ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന ബി ടു ബി മീറ്റിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വാഞ്ചീശ്വരൻ, ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.വി.പ്രഭാത്,
വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ്, ജോയിന്റ് സെക്രട്ടറി ബിജു തോമസ്, ട്രഷർ പി.എൻ.ബാബു വൈദ്യർ എന്നിവർ സംബന്ധിച്ചു.