പുല്‍പ്പള്ളി: ഇന്ത്യയുടെയും ഈജിപ്തിന്റെയും സംസ്‌കാരിക പൈതൃകങ്ങള്‍ തമ്മില്‍ ഏറെ പൊരുത്തങ്ങളുണ്ടെന്ന്, ഈജിപ്തിലെ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ മാധ്യമവിഭാഗം പ്രൊഫസര്‍ ഫെദ മുഹമ്മദ് അഭിപ്രായപ്പെട്ടു. അറാം കനേഡിയന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു, ഡോ. ഫെദ. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗവും അറാം കനേഡിയന്‍ സര്‍വകലാശാലയും ചേര്‍ന്ന ഒപ്പുവച്ച സാംസ്‌കാരിക മാനവശേഷി കൈമാറ്റ കരാറിനോട് അനുബന്ധിച്ചാണ് പഴശ്ശിരാജ കോളേജില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചത്. കരാറിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാധ്യമ വിദ്യാഭ്യാസം സാധ്യമാക്കലാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നതെന്ന് പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ് അഭിപ്രായപ്പെട്ടു. ഇരു സ്ഥാപനങ്ങളിലെ മാധ്യമവിദ്യാര്‍ത്ഥികളെ പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍, അബ്ദുല്‍ ബാരി പ്രത്യേക ഉപഹാരങ്ങള്‍ നല്കി അഭിനന്ദിച്ചു. ഈജിപ്തില്‍ നിന്നും ഡോ. ഫെദയോടൊപ്പം രണ്ട് ടീച്ചിംഗ് അസിസ്റ്റന്റുമാരും മൂന്നു വിദ്യാര്‍ത്ഥികളുമാണ് പുല്‍പ്പള്ളിയില്‍ എത്തിയത്. ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി ഈജിപ്ഷ്യന്‍ സംഘം ആശയവിനിമയം നടത്തി. പഴശ്ശിരാജാ കോളേജിലെ മാധ്യമവിഭാഗം വിദ്യാര്‍ത്ഥിനി അയന തോമസ് കഴിഞ്ഞ മേയില്‍ ഈജിപ്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചടങ്ങില്‍ പഴശ്ശിരാജ കോളേജ്പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. കോളേജിന്റെ ബര്‍സാര്‍ ഫാ. ചാക്കോ, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താരാ ഫിലിപ്പ്, മാധ്യമ വിഭാഗം അധ്യപകരായ ഷോബിന്‍ മാത്യു, ജിബിന്‍ വര്‍ഗ്ഗീസ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ്, അറാം കനേഡിയന്‍ സര്‍വകലാശാലയിലെ മാധ്യമ വിഭാഗം ടീച്ചിംഗ് അസിസ്റ്റന്റ് സാറാ ഫ്രാന്‍സിസ്, മാനാര്‍ അബ്ദുള്ള, എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. മാധ്യമവിഭാഗം അധ്യാപിക ലിന്‍സി ജോസഫ് സ്വാഗതവും, വിദ്യാര്‍ത്ഥിനി അയന തോമസ് നന്ദിയും പറഞ്ഞു. പൊതുപരിപാടിക്കു ശേഷം പഴശ്ശിരാജാ കോളേജിലെ വിവിധ സൗകര്യങ്ങള്‍ നേരില്‍ കണ്ടു വിലയിരുത്തി. സംഘം വ്യാഴാഴ്ച ഈജിപ്തിലേക്ക് മടങ്ങും.