പുൽപ്പള്ളി: കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മൈൽ ഫോർ യു ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ ഗോത്ര സംഘടനകളുടെ സഹകരണത്തോടെ ട്രൈബൽ സംഗമം സംഘടിപ്പിച്ചു. പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ട്രൈബൽ സംഗമം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്മൈൽ ഫോർ യു ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുഹമ്മദലി പൂക്കോയ തങ്ങൾ അധ്യക്ഷനായി. സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ഗോത്ര കുടുംബാംഗങ്ങളും, സ്മൈൽ ഫോർ യു ഫൗണ്ടേഷന്റെ കേരളം കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ കോർഡിനേറ്റർമാരും, കുടുംബാംഗങ്ങളും സംഗമത്തിൽ സംബന്ധിച്ചു. സംഗമ സമ്മേളനം, കലാസാംസ്കാരിക സെമിനാർ, ടാർപോളിൻ കമ്പിളി വസ്ത്ര വിതരണം, സമൂഹ സദ്യ, ഗോത്ര കലാരൂപങ്ങളുടെ അവതരണം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. ചേരമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഫൗണ്ടേഷൻ സി ഇ ഒ ശുഭ എം അലി, ഗോത്ര സംഘടന നേതാക്കളായ ചന്തുണ്ണി, ബോളൻ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരായ പി കെ ജോസ്, സഞ്ചിത് എം അലി, മുജീബ് റഹ്മാൻ കോഡിനേറ്റർമാരായ മനോജ് കുമാർ, ഫൈസൽ, പ്രമോദ് എന്നിവർ സംസാരിച്ചു.