പ്ലസ് ടുവിന് പുതിയ ബാച്ചുകള്‍ അനുവദിക്കണം: മന്ത്രിക്ക് വിവേദനം നൽകി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ ബാച്ചുകളില്‍ 20% വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം നിലവിലുള്ള ക്ലാസ് റൂമുകളില്‍ വിദ്യാര്‍ത്ഥികള്‍ എണ്ണം കൂടുതലാണ്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകളില്‍ അടിസ്ഥാന സൗകര്യ കുറവുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ക്ലാസ് റൂമുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടത്.
നഗരപരിധിയിലെ കല്‍പ്പറ്റ ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളില്‍ ഹ്യുമാനിറ്റീസ് ബാച്ച് നിലവിലില്ല. അത്തരം ഒരു സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം ആവുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മന്ത്രിയുടെ നോര്‍ത്ത് ബ്ലോക്കിലെ ചേമ്പറില്‍ ആയിരുന്നു എംഎല്‍എയും വിദ്യാഭ്യാസ മന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണം. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ച് ഉന്നതവിജയം നേടിയെങ്കിലും തുടര്‍പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യപ്തമാണെന്നതാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം ഉപരിപഠനത്തിനായി 2298 പേര്‍ എസ്.ടി വിഭാഗത്തിലും 533 പേര്‍ എസ്.സി വിഭാഗത്തിലും യോഗ്യത നേടിയിട്ടുണ്ട്. എസ്.എസ്.എല്‍.സി കൂടാതെ ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളില്‍ വിജയിച്ചവരുടെ കൂടി പരിഗണിച്ചാല്‍ ആകെ 13362 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ 3643 പേര്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും, 3884 പേര്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും, 4085 പേര്‍ മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവരാണ്. തുടര്‍പഠനത്തിന് സീറ്റുകള്‍ കുറവായതിനാല്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്തിലാണ്.
കൂടാതെ അതിര്‍ത്തി ജില്ല എന്ന നിലയില്‍ തമിഴ്‌നാട്, കര്‍ണാടക ബോര്‍ഡ് പരീക്ഷകള്‍ വിജയിച്ചവരും വയനാട്ടില്‍ ഉപരിപഠനത്തിന് എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചയില്‍ പറഞ്ഞു. ചര്‍ച്ചയില്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി എംഎല്‍എക്ക് ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *