തിരുവനന്തപുരം: സപ്ലിമെൻററി ഉൾപ്പെടെ നാല് അലോട്ട്മെൻറ് പൂർത്തിയായിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിയാത്ത വിദ്യാഭ്യാസവകുപ്പ് ഒഴിഞ്ഞുകിടക്കുന്ന അൺഎയ്ഡഡ് സീറ്റ് ചൂണ്ടിക്കാട്ടി സീറ്റുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു. സപ്ലിമെൻററി ഘട്ടം മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഉയർന്ന തുക ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടുത്തിയ പട്ടിക പ്രസിദ്ധീകരിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ പ്രചാരണ തന്ത്രം. വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽ വരാത്ത സീറ്റുകളാണിത്.
സ്കൂൾ മാനേജ്മെൻറുകൾ ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്ന അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ മെറിറ്റ് സീറ്റിനൊപ്പം ചേർത്താണ് ഒഴിവുള്ള സീറ്റുകളുടെ പട്ടിക പുറത്തിറക്കിയത്. എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള മാനേജ്മെൻറ് ക്വോട്ട സീറ്റുകളും ഏകജാലക പ്രവേശനത്തിനുള്ള ഒഴിവുകളുടെ പട്ടികയിലുണ്ട്. ഒഴിവുള്ള മാനേജ്മെൻറ് സീറ്റ് ഇതുവരെ മെറിറ്റ് സീറ്റിലേക്ക് മാറ്റിയിട്ടുമില്ല.