തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ പുതു ചരിത്രം രചിക്കാനൊരുങ്ങി ചന്ദ്രയാൻ 3. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. എല്‍.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ ഉയരത്തില്‍ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 45 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാൻഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇന്ന് വിക്ഷേപണം കാണാൻ ജനങ്ങള്‍ക്ക് അവസരമുണ്ട്.
ചന്ദ്രയാൻ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് നിരവധി മാറ്റങ്ങള്‍ ചന്ദ്രയാൻ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടൻതന്നെ റോവര്‍ വേര്‍പെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.