പുൽപള്ളി: മുപ്പതു വർഷങ്ങൾക്കിപ്പുറം തങ്ങൾ പഠിച്ച സ്കൂളിനോട് പ്രതിബദ്ധതയും സ്നേഹവും ആയി ഒരു കൂട്ടം പൂർവ വിദ്യാർത്ഥികൾ. പുൽപള്ളി വിജയഹൈസ്കൂളിൽ 91-92 വർഷം പഠിച്ച പൂർവ വിദ്യാർത്ഥി കൂട്ടായ്മ തങ്ങളുടെ സ്കൂൾ 75ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ കം ഡിസ്‌പെൻസർ നൽകി മാതൃകയായി. സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന യൂ. പി സ്കൂൾ കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും ശുദ്ധ ജല ലഭ്യത ഈ സംവിധാനം ഉറപ്പ് വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താൻ അരലക്ഷത്തിന് മേലെ തുക സമാഹരിച്ച്,80 ലിറ്റർ സ്റ്റോറേജ് ഉള്ള, യഥേഷ്ടം ശുദ്ധ ജല ലഭ്യത ഉള്ള പ്യൂരിഫയർ സ്ഥാപിക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞു. ചടങ്ങിൽ പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ്, ‘love drops’ എന്ന് നാമകരണം ചെയ്ത വാട്ടർ ഡിസ്‌പെൻസർ സ്കൂളിന് സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര ആദ്യ ജല വിതരണം നടത്തി. സ്കൂൾ ലീഡർ എവിറ്റ വിത്സൻ ആദ്യ കപ്പ് ജലം ഏറ്റുവാങ്ങി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ 91-92 ബാച്ചിന്റെ മുഖ്യ കോർഡിനേറ്റർ പ്രജീഷ് എൻ. ജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ സിജി സജി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മത്തായി ആതിര മുഖ്യ പ്രഭാഷണം നടത്തി.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സതി ടീച്ചർ,സ്കൂൾ ഹെഡ് മിസ്ട്രെസ് ബിന്ദു ടീച്ചർ, പി ടി. എ പ്രസിഡന്റ് ഷമീർ, പൂർവ അദ്ധ്യാപകൻ ശശിധരൻ സാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. തങ്ങളുടെ ബാച്ചിലെ ഹൈ സ്കൂൾ അദ്ധ്യാപകൻ ആയിരുന്ന അഭിലാഷ്. കെസി ക്ക് ഹയർ സെക്കന്ററിയിലേയ്ക്ക് പ്രൊമോഷൻ ലഭിച്ചതും ഈ സൗഹൃദകൂട്ടായ്മ തദവസരത്തിൽ ആഘോഷം ആക്കി. അഭിലാഷിനു മെമെന്റോ നൽകി ആശംസകൾ അറിയിച്ചു. കൂട്ടായ്മയെയും സ്കൂളിനെയും പ്രതിനിധീകരിച്ചു അഭിലാഷ് കെസി നന്ദി അർപ്പിച്ചു. സ്കൂൾ മാനേജ്മെന്റ്, വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരെല്ലാം 91-92 ബാച്ചിന്റെ പകരം വയ്ക്കാനാവാത്ത ഈ നന്മ പ്രവർത്തിയെ ഏകകണ്ഠമായി പ്രശംസിച്ചു. സ്കൂളിലെ കുട്ടികൾക്ക് മധുരം നൽകി ചടങ്ങ് കൂടുതൽ ഹൃദ്യം ആക്കാനും 91-92 പൂർവ വിദ്യാർത്ഥി കൂട്ടായ്മ മറന്നില്ല.