അങ്ങനെ ഔദ്യോഗിക പ്രഖ്യാപനം എത്തി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ക്ലബ് വിട്ടു. ഇന്ന് ക്ലബ് താരത്തെ വില്‍ക്കാൻ ധാരണയില്‍ എത്തിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഹൻ ബഗാനിലേക്ക് ആകും സഹല്‍ പോകുന്നത്. സഹലിനായി ഒരു ട്രാൻസ്ഫര്‍ ഫീയും ഒപ്പം പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും. എങ്കിലും സഹല്‍ ക്ലബ് വിടുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വലിയ നിരാശ നല്‍കും.
അവസാന വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പോസ്റ്റര്‍ബോയ് ആയിരുന്നു സഹല്‍ അബ്ദുല്‍ സമദ്. സഹല്‍ ഈ നീക്കത്തോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ വരും. സഹലിന് 2.5 കോടി പ്രതിവര്‍ഷ വേതനം ആണ് മോഹൻ ബഗാൻ നല്‍കുന്നത്.
3 വര്‍ഷത്തെ കരാര്‍ മോഹൻ ബഗാനില്‍ പ്രാഥമികമായി സഹല്‍ ഒപ്പുവെക്കും. ഇതിന്റെ കൂടെ 2 വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും കരാറില്‍ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലയ ട്രാൻസ്ഫര്‍ തുകയും ഒപ്പം പ്രിതം കോടാലിനെയും സഹലിന് പകരം ലഭിക്കും. പ്രിതം കോടാല്‍ ബ്ലാസ്റ്റേഴ്സില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ആകും ഒപ്പുവെക്കുക. അദ്ദേഹത്തിന് 2 കോടി ആകും ബ്ലാസ്റ്റേഴ്സിലെ വേതനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
26കാരനായ സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലില്‍ 96 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസണ്‍ ആയിരുന്നില്ല. 2017 മുതല്‍ സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.