വയനാട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം; ജില്ലാ കളക്ടര്‍

കൽപ്പറ്റ: നാനമേഖലയിലുള്ള ജില്ലയുടെ സമഗ്രവികസനമാണ് വൈഫൈ 23 കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. കോണ്‍ക്ലേവ് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാനത്ത് ആദ്യമായി നടത്തിയ സി.എസ്.ആര്‍ കോണ്‍ക്ലേവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുളളിൽ മികവുറ്റ തയ്യാറെടുപ്പുകളോടെയാണ് ജില്ല കോൺക്ലേവിന് ഒരുങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും അക്ഷീണമായ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കും കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും വയനാടിനായി സി.എസ്.ആര്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇതോടൊപ്പം പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ അപ്ലോഡ് ചെയ്യും. പ്രാപ്യമായ പ്രോജക്ടുകള്‍ സി.എസ്.ആര്‍ ഏജന്‍സികള്‍ക്ക് ഏറ്റെടുക്കാം. പ്രധാനമായും ആരോഗ്യം, ആദിവാസി ക്ഷേമം തുടങ്ങിയ അഞ്ച് സെക്ടറുകള്‍ വഴി ധനസഹായം സ്വരൂപിക്കും. ലഭ്യമായ ഫണ്ടുകളുടെ വിനിയോഗവും അതീവ ശ്രദ്ധയോടെ നടത്തും. കോണ്‍ക്ലേവില്‍ പങ്കെടുത്ത സി.എസ്.ആര്‍ ഏജന്‍സികളില്‍ പലരും അവരുടെ ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്ന് ജില്ലയുടെ പദ്ധതികള്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആദിവാസി കോളനികള്‍ ദത്തെടുക്കുന്ന പദ്ധതികൾ ഉള്‍പ്പടെ ഇവര്‍ ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *