വയനാട് ഗേറ്റ് വേ; താജ് ഒരുക്കും

കൽപ്പറ്റ: വയനാടിന് ലക്കിടിയല്‍ ആകര്‍ഷകമായ ഗേറ്റ് താജ്ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23 യില്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ വെയര്‍ഹൗസ് വയനാട് മെഡിക്കല്‍ കോളേജിനും പേരിയ കമ്മ്യൂണിറ്റി സെന്ററിനും 28 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. പെട്രോനെറ്റ്‌സ് അടിസ്ഥാന സൗകര്യം ഒരുക്കും. കെ.എസ്.ഐ.ഡി.സി ജില്ലയിലെ വിവിധ പദ്ധതികൾക്ക് പിന്തുണ നൽകും. ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും വയനാട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ഹാരിസണ്‍ മലയാളം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ആരോഗ്യമേഖല, ആദിവാസി മേഖലകള്‍ എന്നിവയില്‍ സഹായം എത്തിക്കും. സ്‌കൂള്‍തല ദുരന്തനിവാരണ പദ്ധതിയിലും പങ്കാളിയാകും. കബനി വാലി റോട്ടറി ക്ലബ്ബ് അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതിയില്‍ ധനസഹായം നല്‍കും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കേരളയും സഹായ സന്നദ്ധത അറിയിച്ചു. പിരാമല്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ആരോഗ്യമേഖലയല്‍ ആസ്പിരേഷണല്‍ ജില്ലയ്ക്ക് ഹ്യൂമന്‍ റിസോഴ്‌സുകളെ ലഭ്യമാക്കും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാമെന്ന് ഏറ്റിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരോഗ്യമേഖലയില്‍ സഹായങ്ങള്‍ എത്തിക്കും. ഇസാഫ് ബാങ്ക് ജില്ലയുടെ പദ്ധതികളില്‍ അനുയോജ്യമായതില്‍ പങ്കാളിയാകും. ഐ.സി.ഐ.സി ബാങ്ക് അനുയോജ്യമായ പദ്ധതി നിര്‍വ്വഹണം നടത്തും. കാനറ ബാങ്ക് പട്ടിവര്‍ഗ്ഗവികസനത്തിലും ടൂറിസം വികസനത്തിലും പങ്കുചേരും. നബാര്‍ഡ് ജില്ലയില്‍ ഏഴ് പ്രോജക്ടുകള്‍ നടപ്പാക്കിവരുന്നതായും കൂടുതല്‍ പദ്ധതികള്‍ കൂടിയാലോചിച്ച് ഏറ്റെടുക്കുമെന്നും പ്രതിനിധി അറിയിച്ചു. കൊട്ടക് ബാങ്ക് ജില്ലയിലെ രണ്ട് അങ്കണവാടികള്‍ ഏറ്റെടുക്കും. ഹഡ്‌കോ, ബി.പി.സി.എല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ അവരുടെ സി.എസ്.ആര്‍ പദ്ധതികള്‍ ജില്ലയില്‍ നേരിട്ടെത്തി അവതരിപ്പിക്കും. അനുയോജ്യമായ പ്രോജക്ടുകള്‍ ഇവര്‍ ഏറ്റെടുക്കും. കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏജന്‍സികളും കമ്പനികളുമെല്ലാം വയനാട്ടിനായി അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ വിവിധ മേഖലകള്‍ തെരഞ്ഞെടുത്ത് സി.എസ്.ആര്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനല്‍കി.

ജില്ലയ്ക്ക് കൈത്താങ്ങായി സഹായമെത്തും

ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാനത്തെ ആദ്യത്തെ സി.എസ്.ആര്‍ കോണ്‍ക്ലേവ് വൻ വിജയമായി. വിവിധ പദ്ധതികളിൽ ലക്ഷങ്ങളുടെ സഹായ വാഗ്ദാനങ്ങളുമായി വിവിധ കോർപ്പറേറ്റ് പ്രതിനിധികൾ പടിഞ്ഞാറത്തറ താജ്
വയനാടിൽ നടന്ന വൈഫൈ 23 കോൺക്ലേവിൽ പങ്കെടുത്തു. സംസ്ഥാനത്ത് ഇതാദ്യമായാണ് നാടിൻ്റെ വികസനത്തിനായി കോർപ്പറേറ്റ് സാമുഹിക പ്രതിബദ്ധത ഏജൻസികളെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺക്ലേവ് സംഘടിപ്പിച്ചത്.
വയനാടിന്റെ വിവിധ മേഖലകളില്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളില്‍ ലക്ഷ്യമിടുന്ന പ്രോജക്ടിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകള്‍ സെക്ടറുകളായി തിരിച്ചാണ് കോണ്‍ക്ലേവില്‍ വിഷയാവതരണം നടത്തിയത്. സര്‍ക്കാര്‍ പദ്ധതികളോടൊപ്പം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ് ഫണ്ടുകള്‍ കൂടി ലഭ്യമാക്കി ജില്ലയ്ക്ക് അതിവേഗ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയുടെ അതീവ പ്രാധാന്യമുള്ള മേഖലയിലാണ് സി.എസ്.ആര്‍ ഫണ്ടുകളുടെ പിന്തുണ ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ചത്. പ്രമുഖ കമ്പനികളെല്ലാം അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ ലഭ്യമാക്കാൻ സന്നദ്ധതകൾ അറിയിച്ചു.
നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സി.എസ്.ആർ ഫണ്ടുകൾ കൂടുതലായി വിനിമയം ചെയ്യപ്പെടുന്നത്. വയനാട് പോലുള്ള ജില്ലയില്‍ ഇത്തരത്തിലുള്ള പിന്തുണ പദ്ധതികള്‍ ലഭ്യമാകുന്നത് കുറയുന്ന സാഹചര്യത്തിലാണ് ഇവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കോണ്‍ക്ലേവ് ഒരുക്കിയത്. നീതി ആയോഗ്, സംസ്ഥാന സര്‍ക്കാര്‍, കെ.എസ്.ഐ.ഡി.സി, വയനാട് ഡി.ടി.പി.സി, ഐ.ടി. മിഷന്‍ എന്നിവരുടെയും പിന്തുണയിലാണ് വൈഫൈ 23 കോണ്‍ക്ലേവ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *