ഡല്‍ഹിയില്‍ പ്രളയക്കെടുതി തുടരുന്നു; വെള്ളക്കെട്ടില്‍വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂഡല്‍ഹി: മഴ ശക്തി കുറഞ്ഞിട്ടും ഡല്‍ഹിയിലെ പ്രളയക്കെടുതിക്ക് അറുതിയില്ല. യമുന നദിയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും ഡല്‍ഹി നഗരത്തില്‍ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. 208.63 മീറ്ററിലെത്തിയ യമുനയിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ടോടെ 207.7 മീറ്ററിലെത്തി. വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. വെള്ളിയാഴ്ച മുകുന്ദ്പൂരിലാണ് മെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തെ വെള്ളക്കെട്ടില്‍ കളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചത്.

രാജ്ഘട്ട് ഉര്‍പ്പെടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളിയാഴ്ചയും വെള്ളത്തിനടിയിലാണ്. സുപ്രീംകോടതിക്ക് സമീപവും വെള്ളമെത്തിയിട്ടുണ്ട്. സുപ്രീംകോടതിക്കു സമീപത്തുള്ള ഡല്‍ഹിയിലെ പ്രധാന പാതകളിലൊന്നായ മഥുര റോഡും ഐ.ടി.ഒയും വെള്ളത്തിനടിയിലാണ്.

വെള്ളം കയറിയതിനെ തുടര്‍ന്ന് നിഗംബോധ് ഘട്ട്, ഗീത കോളനി, വസീറാബാദ്, സരായ് കാലെ ഖാൻ എന്നിവിടങ്ങളിലെ ശ്മശാനങ്ങള്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷൻ അടച്ചു. പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാൻ പ്രയാസം നേരിടുന്നുണ്ട്. ജനം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേന, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16 വരെ അവധിയാണ്. ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചതോടെ വെള്ളിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങിത്തുടങ്ങുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *