ദക്ഷിണ കൊറിയയിലെ കനത്ത മഴയിലും മണ്ണിടിച്ചിലും 26 മരണം

ദിവസങ്ങളായി ദക്ഷിണ കൊറിയയില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും 26 മരണം. സംഭവത്തില്‍ 10 പേരെ കാണാതായി. ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന മഴയില്‍ 10 പേരെ കാണാതായതായും വ്യാഴാഴ്ച 13 പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ജൂലൈ 9 മുതല്‍ കനത്ത മഴയാണ് ദക്ഷിണ കൊറിയയില്‍ തുടരുന്നത്. സെൻട്രല്‍ പട്ടണമായ യെചിയോണിലെ ഗ്രാമത്തില്‍ ഉള്‍പ്പെടെ വെള്ളം കയറി ആളുകളെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് 5,570 ഓളം ആളുകളെ ഒഴിപ്പിക്കാൻ നിര്‍ബന്ധിതരായെന്നും 25,470 വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ തുടരുകയാണ്.

സെൻട്രല്‍ നഗരമായ നോൻസനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നും മരണം സംഭവിച്ചിരുന്നു. 20 വിമാനങ്ങള്‍ റദ്ദാക്കുകയും രാജ്യത്തെ സാധാരണ ട്രെയിൻ സര്‍വീസും ചില ബുള്ളറ്റ് ട്രെയിനുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും മന്ത്രാലയം അറിയിച്ചു. 200 ഓളം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ പെയ്തതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിൻ പാളം തെറ്റിയതുള്‍പ്പെടെ മണ്ണിടിച്ചിലില്‍ ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *