ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരി. ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അല്‍പ്പസമയത്തിനകം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടുന്നതാണ്. എം.സി റോഡ് വഴിയാണ് വിലാപയാത്ര. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്ത് എത്തും.
കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം, വൈകിട്ട് 6:00 മണിക്ക് ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കും. തുടര്‍ന്ന് തിരുനക്കര മൈതാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. രാത്രിയോടെയാണ് പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ശുശ്രൂഷകള്‍ക്കായി പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ 3 മണിയോടെയാണ് അന്ത്യ ശുശ്രൂഷകള്‍ നടക്കുക.