മീനങ്ങാടി സിഡിഎസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്

കല്‍പ്പറ്റ: മീനങ്ങാടി സിഡിഎസിനെതിരേ അംഗങ്ങളില്‍ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേശ്ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ ജനാര്‍ദനന്‍, സംരംഭകത്വ വികസന ഉപസമിതി കണ്‍വീനര്‍ കെ.എം. ഗ്രേസി, ജെഎല്‍ജി കേന്ദ്രാവിഷ്‌കൃത പദ്ധതി ഉപസമിതി കണ്‍വീനര്‍ സലോമി ബെന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓഡിറ്റ് നടത്തുന്നില്ല, സിഎഡിഎസിനു കീഴിലുള്ള വിപണനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ല, വിറ്റുവരവ് കൃത്യമായി ബാങ്കില്‍ അടയ്ക്കുന്നില്ല, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുഖേന ലഭ്യമായ വായ്പകളില്‍ അനുവദനീയമായതിലും കൂടുതല്‍ തുക ഇന്‍സെന്റീവ് കൈപ്പറ്റുന്നു തുടങ്ങിയ ആരോപണങ്ങളാണ് അംഗങ്ങളില്‍ ചിലര്‍ ഉന്നയിച്ചത്. കുടുംബശ്രീയുടെ എല്ലാ തലങ്ങളിലുമുള്ള ഓഡിറ്റിംഗ് യഥാസമയങ്ങളില്‍ നടത്തുകയും സിഡിഎസ് പൊതുയോഗം ഇത് അംഗീകരിച്ചുവരുന്നതുമാണ്. വിപണനകേന്ദ്രത്തിന്റെ ഓഡിറ്റ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെംബര്‍ സെക്രട്ടറി എന്നിവര്‍ക്കും കുടുംബശ്രീ ജില്ലാ മിഷനും സമര്‍പ്പിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് കൃത്യമായി നടത്തുമ്പോള്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സര്‍ക്കാര്‍ ഉത്തരവിനു വിധേയമായാണ് വിനിയോഗിക്കുന്നത്. അംഗങ്ങളില്‍ ആരും സിഡിഎസ് യോഗങ്ങളില്‍ ഭാരവാഹികള്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നില്ല. അംഗങ്ങളില്‍ ചിലരുടെ പരാതിയില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിഡിഎസുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചതും ക്രമക്കേടുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയതുമാണ്. നല്ല നിലയിലാണ് വിപണനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രണ്ട് ജീവനക്കാരുള്ള വിപണനകേന്ദ്രത്തില്‍ മുക്കാല്‍ ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ സ്റ്റോക്കുണ്ട്. രണ്ടുലക്ഷം രൂപ ബാങ്ക് ബാലന്‍സുമുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങളാണ് വിപണനകേന്ദ്രത്തിലൂടെ വിറ്റഴിക്കുന്നത്.
അംഗങ്ങളില്‍ ചിലരുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണ്. യുഡിഎഫ് ഭരണത്തിലാണ് മീനങ്ങാടി പഞ്ചായത്ത്. എല്‍ഡിഎഫിലുള്ളവരാണ് സിഡിഎസിനു നേതൃത്വം നല്‍കുന്നത്. സിഡിഎസ് മെംബര്‍ സെക്രട്ടറി രാഷ്ട്രീയ ചട്ടുകമായി മാറിയിരിക്കയാണ്. ദുരാരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിലുണ്ടെന്നും സിഡിഎസ് ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *