ഫിഫ വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

ഒക്‌ലാന്‍ഡ് :അറേബ്യന്‍ ഉപദ്വീപിന് കാല്‍പന്തിന്റെ പുതിയ വിസ്മയം സമ്മാനിച്ച ഫിഫ പുരുഷ ലോകകപ്പിന്റെ അടങ്ങാത്ത ആവേശം നിലനില്‍ക്കെ വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം.ആസ്ത്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരം ഇന്ന് ഉച്ചക്ക് 12.30ന് ന്യൂസിലാന്‍ഡിലെ ഈഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും.എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പത്ത് വേദികളിലായി പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ന്യൂസിലാന്‍ഡും നോര്‍വേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 3.30ന് ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ ആസ്ത്രേലിയ അയര്‍ലാന്‍ഡിനെ നേരിടും. അടുത്ത മാസം 20ന് സിഡ്‌നിയിലെ ഒളിംപിക് പാര്‍ക്കിലാണ് ഫൈനല്‍.വനിതാ ഫുട്ബോളിന്റെ ശക്തികേന്ദ്രമായ അമേരിക്ക തന്നെയാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ളത്. നിലവിലെ ചാമ്ബ്യന്മാരും അവര്‍ തന്നെ. 1991, 1999, 2015, 2019 വര്‍ഷങ്ങളിലാണ് കിരീടം ചൂടിയത്. രണ്ട് തവണ കപ്പുയര്‍ത്തിയ ജര്‍മനി മാത്രമാണ് അമേരിക്കയുടെ പിന്നില്‍. നോര്‍വേയും ജപ്പാനും ഓരോ തവണയും കിരീടം നേടി.ഏഷ്യയില്‍ നിന്ന് ഫിലിപ്പൈന്‍സ് ഗ്രൂപ്പ് എയിലും ജപ്പാന്‍ ഗ്രൂപ്പ് സിയിലും ചൈന ഡി ഗ്രൂപ്പിലും വിയറ്റ്നാം ഇയിലും ദക്ഷിണ കൊറിയ എച്ച്‌ ഗ്രൂപ്പിലുമാണ്. അമേരിക്കയെ കൂടാതെ ആസ്ത്രേലിയ, സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവരും ഫേവറിറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *